Kerala, News

പടർന്നു പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ;രോഗ ബാധിതരുടെ എണ്ണം 11 ആയി

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പടർന്നു പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ രോഗം. പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.ഇതിൽ 5 പേർ രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചിരുന്നു. ഇവരുടെ രക്തം പരിശോധനയ്‌ക്കയക്കും. വെസ്‌റ്റൈൽ ഫീവർ പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.കോഴിക്കോട് നാല് പേർക്കും മലപ്പുറത്ത് അഞ്ചും തൃശ്ശൂരിൽ രണ്ട് പേർക്കുമാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്.ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നുള്ള രക്തം മനുഷ്യരിലേക്കെത്തുമ്പോഴാണ് രോഗം പകരുന്നത്. പനി, തലവേദന, തളർച്ച, തലകറക്കം, പെരുമാറ്റത്തിലുള്ള വ്യത്യാസം, അപസ്മാരം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറഞ്ഞവരെ രോഗം പെട്ടന്ന് പിടികൂടാനുള്ള സാധ്യത കൂടുതലാണ്.രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തവും സ്രവവും ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് വെസ്റ്റ്‌നൈൽ രോഗമാണിതെന്ന് കണ്ടെത്തിയത്. പിന്നീട് പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കൊതുകുജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി.ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളതെന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വ്യക്തികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ നോക്കണമെന്നും നിർദേശത്തിൽ ഉൾപ്പെടുന്നു.

Previous ArticleNext Article