തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം ഘട്ട നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ജനുവരി മുതല്‍ ക്ഷേമപെന്‍ഷന്‍ 1500 രൂപയായി ഉയർത്തും.സൗജന്യ ഭക്ഷണ കിറ്റ് വിതരം നാല് മാസം കൂടി തുടരും. ലൈഫ് പദ്ധതിയിലൂടെ മാര്‍ച്ചിനുള്ളില്‍ 15000 പേര്‍ക്ക് കൂടി വീട് നല്‍കും. 35000 വീടുകളുടെ കൂടി പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 5 എണ്ണം സൂപ്പര്‍ സ്റ്റോറുകളായും ഉയര്‍ത്തും, 847 കുടുംബ ശ്രീ ഭക്ഷണശാലകള്‍ക്ക് പുറമെ 153 എണ്ണം പുതിയത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്‍.ഡി.എഫ്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഗെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ദേശീയ ജലപാത കോവളം മുതല്‍ ചാവക്കാട് വരെയുള്ള പാതയുടെ റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഉദാഘ്ടനവും ഫെബ്രുവരിയില്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.വൈറ്റില. കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കും. കെഎസ്‌ആര്‍ടിസിയുടെ അനുബന്ധ സ്ഥാപനമായി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് നിലവില്‍ വരും.അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിനായി ഉത്പാദനം ആരംഭിക്കും. കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും.49 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും.