Kerala, News

സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ ലോക്ക്ഡൗണ്‍;അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

keralanews weekend lockdown in the state today and tomorrow only essential services are allowed

തിരുവനന്തപുരം:കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന വാരാന്ത്യ ലോക്ക് ഡൗണ്‍ ആരംഭിച്ചു. അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും ഇന്ന് ഉണ്ടായിരിക്കുക.മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം. അനാവശ്യ യാത്രകൾ പാടില്ല. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾക്ക് പുറത്ത് പോകാം. ഹോട്ടലുകളിൽ ടേക്ക് എവെ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ചായക്കടകൾ തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല.പൊതുഗതാഗതം ഉണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. സ്വകാര്യ ബസ് പ്രവർത്തിക്കില്ല. കെഎസ്ആർടിസി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവ്വീസ് മാത്രമേ നടത്തൂ.സംസ്ഥാനത്ത് കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരും. ടിപിആർ കുറയാത്തതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഇന്ന് നടക്കുന്ന യോഗത്തിൽ ഇത് ചർച്ചയാകും.

Previous ArticleNext Article