പയ്യന്നൂർ: രാമന്തളി പഞ്ചായത്തിലെ മൊട്ടക്കുന്നിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ഏഴിമല നാവിക അക്കാദമിയോടു ചേർന്നുള്ള സ്ഥലത്തുനിന്നാണു ബോംബ് ഉണ്ടാക്കുന്ന 14 സ്റ്റീൽ കണ്ടെയ്നറുകൾ,ഏഴു വാളുകൾ, രണ്ടു മഴു എന്നിവ സിഐ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തത്.ഈ ഭാഗത്തു നാവിക അക്കാദമിയുടെ അതിർത്തി കമ്പിവേലി ഉപയോഗിച്ചാണു വേർതിരിച്ചിട്ടുള്ളത്.അക്കാദമിക്കകത്ത് കാടു വെട്ടിത്തെളിക്കുന്നവരാണ് അതിർത്തിയോടു ചേർന്നു പുറത്തുള്ള സ്ഥലത്ത് ആയുധങ്ങൾ കണ്ടത്. നാവിക അക്കാദമി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്നു കക്കംപാറ പ്രദേശത്തുണ്ടായിരുന്ന ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ പരിശോധിച്ചു. 14 സ്റ്റീൽ ബോംബുകൾ ആണെന്നാണു കരുതിയിരുന്നത്. എന്നാൽ, ബോംബ് സ്ക്വാഡിന്റെ പരിശോധനയിൽ ബോംബ് നിർമിക്കാനുള്ള കണ്ടെയ്നർ മാത്രമാണെന്നു തിരിച്ചറിഞ്ഞു.തുടർന്നു സിഐ എം.പി.ആസാദ്, എസ്ഐ കെ.പി.ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആയുധങ്ങൾ കസ്റ്റഡിയിൽ എടുത്തു.ബോംബ് സ്ക്വാഡ് ഈ പ്രദേശത്തു വ്യാപക തിരച്ചിൽ നടത്തി.