തിരുവനന്തപുരം: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 140 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി. പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെയാണ് 140 തസ്തികകള്‍. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യായന ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കിക്കൊണ്ടാണ് വയനാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ആദ്യ വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തസ്തികകള്‍ സൃഷ്ടിച്ചതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.1 പ്രിന്‍സിപ്പാള്‍, 6 പ്രൊഫസര്‍, 21 അസോ. പ്രൊഫസര്‍, 28 അസി. പ്രൊഫസര്‍, 27 സീനിയര്‍ റസിഡന്റ്, 32 ട്യൂട്ടര്‍/ ജൂനിയര്‍ റെസിഡന്റ് എന്നിങ്ങനെയാണ് 115 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്.വയനാട് ജില്ലയിൽ പുതിയ മെlക്കൽ കോളേജ് ആരംഭിക്കുന്നതിന് കിഫ്ബി വഴി 300 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വയനാട് ഉൾപ്പെടെയുള്ള പുതിയ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സ്പെഷ്യാലിറ്റി സർവീസുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെ നിയോഗിക്കുന്നതാണെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.