വയനാട്: 18 തികഞ്ഞ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കി സമ്പൂർണ വാക്‌സിനേഷൻ ജില്ലയെന്ന നേട്ടം സ്വന്തമാക്കി വയനാട്.ജില്ലയിൽ 18 വയസിനു മുകളിലുള്ള അർഹരായ മുഴുവൻ പേർക്കും ഐസിഎംആർ മാർഗനിർദ്ദേശപ്രകാരം ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 6,15,729 പേരാണ് വയനാട്ടിൽ വാക്‌സിൻ സ്വീകരിച്ചത്. 2,13,277 പേർക്ക് രണ്ടാം ഡോസും നൽകി.കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍, വാക്സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്റ്റർ അദീല അബ്ദുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.ഏറ്റവുമധികം ആദിവാസികളുള്ള പുൽപ്പള്ളി, നൂൽപ്പുഴ, വൈത്തിരി പഞ്ചായത്തുകളിൽ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി. ഓരോ തദ്ദേശസ്ഥാപനങ്ങളും തയ്യാറാക്കിയ വാക്‌സിനേഷൻ പദ്ധതി അനുസരിച്ചാണ് ആളുകൾക്ക് വാക്‌സിനേഷൻ നൽകുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്ജീകരിച്ച വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടർ, 3 നഴ്‌സുമാർ, ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെയും നിയോഗിച്ചിരുന്നു. ഗോത്ര ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകളും പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി. 13 മൊബൈൽ ടീമുകളെയാണ് ഇതിനായി സജ്ജീകരിച്ചത്. സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ളവർക്ക് പൂർണമായും വാക്‌സിനേഷൻ നടത്തിയ ജില്ലകളെന്ന ബഹുമതി നേരത്തെ വയനാടും കാസർഗോഡും പങ്കിട്ടിരുന്നു.