കുമളി: വൃഷ്ടിപ്രദേശത്ത് നിന്നുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ഇടുക്കി ജലസംഭരണിയിലും ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.140.45 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 2300 ഘനയടിയാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.141 അടിവരെയാണ് ഡാമിൽ സംഭരിക്കാൻ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് ഇപ്പോഴും വെള്ളം കൊണ്ടു പോകുന്നുണ്ട്. സെക്കന്റിൽ 2300 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്.ജലനിരപ്പ് 140 അടി പിന്നിട്ട സാഹചര്യത്തിൽ പെരിയാർ തീരത്തുള്ളവർക്ക് നൽകിയ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. ഇടുക്കി അണക്കെട്ടിലേയും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നിരുന്നു. ഷട്ടർ തുറന്ന് നാൽപ്പത് മണിക്കൂർ പിന്നിട്ടിട്ടും ജലനിരപ്പിൽ കുറവ് വന്നിട്ടില്ല. 2399.16 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇനിയും വൃഷ്ടിപ്രദേശത്ത് ഇതേ രീതിയിൽ നീരൊഴുക്ക് തുടരുകയാണെങ്കിൽ രണ്ടു ഷട്ടറുകളും ഉയർത്തേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.