ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചതോടെ തമിഴ്‌നാട് കൊണ്ടു പോകുന്നതിനേക്കാള്‍ നാലിരട്ടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 142 അടി പരമാവധി സംഭരണ ശേഷിയാണ് അണക്കെട്ടിനുള്ളത്. രണ്ടാം മുന്നറിയിപ്പ് സന്ദേശം നല്‍കേണ്ട 138 അടിയിലേക്ക് അടുക്കുകയാണ് ഡാമിലെ ജലനിരപ്പ്.അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള രണ്ട് യോഗങ്ങൾ ഇന്ന് നടക്കും. ഇടുക്കി വണ്ടിപ്പെരിയാറിൽ കളക്ടറുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം. രാവിലെ 11ന് ചേരുന്ന യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പോലീസ്, ഫയർഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ട് മൂന്നിന് ഉന്നതതല യോഗം ചേരുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും.അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കാൻ തമിഴ്‌നാട് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളം ഉന്നയിച്ച പ്രശ്‌നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയും. കാലാവസ്ഥാ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി കേരളം തമിഴ്‌നാടിന് കത്തയച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമ്മിക്കുക എന്നതാണ് പ്രശ്‌നപരിഹാരം. സർക്കാരിന്റെ നയവും തീരുമാനവും അതാണ്. നിലവിലുള്ള കരാറിൽ മാറ്റം വരുത്താതെ തന്നെ തമിഴ്‌നാടിന് വെള്ളം നൽകാൻ തയ്യാറാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കേരളം ചർച്ചകൾക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വിഷയം കേരളവും തമിഴ്നാടും ചേര്‍ന്ന് ചര്‍ച്ച ചെയ്താല്‍ കോടതിക്ക് ഇടപെടേണ്ടിവരില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്‌നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച് കേന്ദ്രസര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്.