ഇടുക്കി:ഇടുക്കു ഡാമിലെ ജലനിരപ്പ് ഉയരുന്നു. 2394.58 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തതോടെ ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. 2,395 അടിയാകുന്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ഇന്നു പുറപ്പെടുവിച്ചേക്കും. ജലനിരപ്പ് 2,397 ഇൽ എത്തുമ്പോൾ റെഡ് അലര്‍ട്ട് നൽകും.റെഡ് അലര്‍ട്ട് നല്‍കി 15 മിനിറ്റിനു ശേഷം ഡാം തുറക്കും. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. ഞായറാഴ്ച 135.90 അടിയായിരുന്നു ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 135.80 അടിയായി കുറഞ്ഞിട്ടുണ്ട്.മുല്ലപ്പെരിയാറിലെ ജലനിരപ്പും ഉയരുന്നതുകൂടി കണക്കിലെടുത്താണ് ഇടുക്കി ഡാം തുറക്കുന്നത്. പകല്‍ മാത്രമേ അണക്കെട്ടു തുറക്കാവൂ എന്ന് വൈദ്യുതി മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന അടിയന്തര നടപടികള്‍ നേരിടാന്‍ ആവശ്യമെങ്കില്‍ സൈന്യവും രംഗത്തിറങ്ങും. ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ വിനോദസഞ്ചാരികള്‍ പോകരുത് എന്ന് നിര്‍ദേശമുണ്ട്. പാലങ്ങളിലും നദിക്കരയിലും കൂട്ടം കൂടി നില്‍ക്കരുതെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളിലെ സെല്‍ഫി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന വെള്ളക്കെടുതിയും അനുബന്ധപ്രശ്നങ്ങളും നേരിടാന്‍ കര നാവിക വ്യോമസേനകളും സജ്ജമാണ്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും കര നാവിക സേനകളുടെ നാല് കോളം സൈന്യവും തയാറായിട്ടുണ്ട്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായി തീരസംരക്ഷണസേനയുടെ ചെറുബോട്ടുകളും തയാറാണ്.