ഡെറാഡൂണ്‍:ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് ഉത്തരാഖണ്ഡില്‍ തപോവനിലെ ടണലില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ടണലില്‍ മെഷീനുകള്‍ ഉപയോഗിച്ച് ഡ്രില്ലിങ് നടത്തിക്കൊണ്ടിരുന്ന രക്ഷാപ്രവര്‍ത്തകര്‍ വെള്ളം ഉയര്‍ന്നതോടെ പിന്മാറി. മലമുകളില്‍ ഉരുള്‍പൊട്ടിയതായി സൂചനകള്‍ വന്നതോടായാണ് തപോവന്‍ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. മുപ്പത്തഞ്ചോളം പേർ ടണലില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനും ശ്രമം ആരംഭിച്ചു. പ്രദേശത്ത് കാലാവസ്ഥ പ്രതികൂലമാകുകയും നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് പിന്മാറാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സൈറന്‍ മുഴക്കി ഗ്രാമവാസികളെ സൈന്യം ഒഴിപ്പിക്കുകയാണ്.ചമോലി ജില്ലയില്‍ ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തില്‍ 200ല്‍ അധികം പേരെയാണ് കാണാതായത്. പ്രദേശത്തെ ഒരു വൈദ്യുത നിലയവും അഞ്ച് പാലങ്ങളും ഒഴുകിപോയിരുന്നു. മറ്റൊരു വൈദ്യുതനിലയം ഭാഗികമായി തകര്‍ന്നു. 32 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 45 കിലോമീറ്ററില്‍ അധികം പ്രദേശത്ത് നാശനഷ്ടമുണ്ടായി.തപോവനില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കത്തില്‍ ഏകദേശം 30ഓളം തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. മൂന്നുദിവസമായി ഇവിടെ രക്ഷപ്രവര്‍ത്തനം തുടരുകയാണ്.