ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കുറവു വന്നതോടെ സ്പില്‍വേയിലെ ഏഴു ഷട്ടറുകളും തമിഴ്നാട് അടച്ചു.ജലനിരപ്പ് 138.50 അടിയായതോടെയാണ് ഷട്ടറുകൾ അടച്ചത്.ഇനി അടയ്‌ക്കാനുള്ളത് ഒരു ഷട്ടർ മാത്രമാണ്.അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ 20 സെന്റിമീറ്ററായി തുറന്നിട്ടുള്ള ഷട്ടറിന്റെ ഉയരവും കുറച്ചിട്ടുണ്ട്. സെക്കൻറിൽ 980 ഘനയടി വെള്ളമാണ് ഇപ്പോൾ സ്പിൽവേ വഴി ഇടുക്കിയിലേക്ക് ഒഴുകുന്നത്.അതിനിടെ അണക്കെട്ടിലെ ജനലിരപ്പ് 152 അടിയായി ഉയർത്തുമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് തമിഴ്‌നാട്.നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവ് 142 അടിയാണ്. എന്നാൽ അണക്കെട്ടിന്റെ ബലക്ഷയം പരിഗണിച്ച് റൂൾ കർവ് 136 അടിയിലേക്ക് താഴ്‌ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതിനിടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർത്തുമെന്ന പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.