തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് പകുതിയോടെ കോവിഡ് രോഗ വ്യാപനം തീവ്രമാകുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 248 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.എട്ടു ജില്ലകളില്‍ ടിപിആര്‍ 25 നു മുകളിലെത്തി. രണ്ടാഴ്ച കൂടി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഒരാഴ്ച സമ്പൂർണ്ണ അടച്ചിടലിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യവകുപ്പും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഞായറാഴ്ച വരെയുളള കടുത്ത നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നാണ് വിവരം.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമായേക്കും. തിരുവനന്തപുരത്ത് കിടത്തി ചികില്‍സ ആവശ്യമുളള പ്രതിദിന രോഗികളുടെ എണ്ണം 4000 വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.ഇതിനനുസരിച്ച് ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് ഏപ്രില്‍ അവസാനം കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നവരുടെ എണ്ണം 2,84,086 ആയിരുന്നെങ്കില്‍ ഇന്നലെ ഇത് 3,56,872 ആണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ നിരക്ക്.ദേശീയ ശരാശരി 6.92 ശതമാനമാണെങ്കില്‍ കേരളത്തിലത് 10.31 ശതമാനമാണ്. രോഗ വ്യാപനത്തിന്റെ തീവ്രത ഉയര്‍ന്നു നിൽക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യമടക്കം വർധിപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 100 പേരെ പരിശോധിക്കുമ്പോൾ 30 ലേറെപ്പേരും കോവിഡ് ബാധിതരാണ്. തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഗുരുതര സാഹചര്യം നിലനില്‍ക്കുന്നുണ്ട്.