തിരുവനന്തപുരം:കേരളത്തിൽ നിലവിലെ സാഹചര്യത്തില്‍ കൊറോണ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്.നിലവിൽ പരിശോധനകളുടെ എണ്ണം സംസ്ഥാനത്ത് കുറവാണ്.പരിശോധന കൂട്ടാന്‍ സംഘം നിര്‍ദേശിച്ചു.സംഘം ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണെന്ന് നേരത്തേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. തുടക്കത്തില്‍തന്നെ പരമാവധി പരിശോധനകള്‍ നടത്തിയിരുന്നുവെങ്കില്‍ രോഗവ്യാപനം ഇത്രത്തോളം രൂക്ഷമാകില്ലായിരുന്നുവെന്ന നിരീക്ഷണവും സംഘം നടത്തിയതായാണ് വിവരം.പരിശോധനകളുടെ എണ്ണം വ്യാഴാഴ്ച മുതല്‍ എണ്‍പതിനായിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മറുപടി നല്‍കി. പരിശോധനകള്‍ പരമാവധി കൂട്ടാനാണ് തീരുമാനം. തെരഞ്ഞെടുപ്പുകൂടി അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി കേന്ദ്രസംഘത്തെ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം ഇപ്പോള്‍. ഇത് പ്രതിരോധ നടപടികളില്‍ ഉണ്ടായ പാളിച്ചയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം ഇപ്പോള്‍ രോഗവ്യാപനത്തിലാണ് മുന്നില്‍. കേന്ദ്രസംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍. കേരളത്തിനൊപ്പം രോഗവ്യാപനം തുടരുന്ന മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്.