India, News

ഫ്ളിപ്പ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തു

keralanews walmart taken off flipkart

മുംബൈ:ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ  വ്യാപാര കമ്പനിയായ ഫ്ലിപ്പ്കാർട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വിൽപ്പന കമ്പനിയായ വാൾമാർട്ട് ഏറ്റെടുത്തു.ഫ്‌ളിപ്കാർട്ടിലെ 77 ശതമാനം ഓഹരികളും വാൾമാർട്ട് വാങ്ങി.1600 കോടി ഡോളറിനാണ്(ഏകദേശം 1.08 ലക്ഷം കോടി രൂപ) ഓഹരി വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇത്രയും വലിയ തുകയ്ക്കു ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ആദ്യമാണ്. ഫ്‌ളിപ്കാർട്ടിനെ ഏറ്റെടുത്ത വിവരം വാൾമാർട്ട് സിഇഒ ഡൗഗ് മാക് മില്യനും ഫ്ലിപ്പ്കാർട്ട് സഹസ്ഥാപകനും സിഇഒയുമായ ബിന്നി ബെൻസാലും പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.ഫ്‌ളിപ്കാർട്ടിലെ വലിയ നിക്ഷേപകരായ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് അടക്കമുള്ള വിവിധ മുൻനിര കമ്പനികളുടെ കൈവശമുള്ള ഓഹരികളാണ് വാൾമാർട്ടിന് കൈമാറുക.നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫ്‌ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. ഫ്ലിപ്പ്കാർട്ടിൽ 60 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ലക്ഷ്യമിട്ടെത്തിയ ആമസോണിനെ പിന്തള്ളിയാണ് വാൾമാർട്ട് ഫ്ളിപ്പ്കാർട്ടിനെ ഏറ്റെടുത്തത്.  ബെംഗളൂരു കേന്ദ്രീകരിച്ച് 2007 ലാണ് ബിന്നി ബെൻസാലും സച്ചിൻ ബെൻസാലും ഫ്ലിപ്പ്കാർട്ട് ആരംഭിച്ചത്.ആമസോണിൽ നിന്നും പിരിഞ്ഞ ശേഷമാണ് ഇവർ ഫ്ലിപ്പ്കാർട്ടിന് തുടക്കമിട്ടത്. വൻതോതിൽ വിദേശമൂലധനമെത്തിയതോടെ ഇന്ത്യയിലെ മുൻനിര ഓൺലൈൻ കമ്പനിയായി ഫ്ലിപ്പ്കാർട്ട് മാറി.ഏറ്റെടുക്കൽ പൂർത്തിയായതോടെ സച്ചിൻ ബൻസാൽ കമ്പനിയിൽ നിന്നും പിന്മാറും.വാൾമാർട്ടിന്‍റെ നിക്ഷേപത്തിലൂടെ ഇരു കമ്പനികൾക്കും നേട്ടങ്ങളുണ്ടാകും. ഫ്ളിപ്കാർട്ടിന് കൂടുതൽ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഉപകരിക്കും. വാൾമാർട്ടിന് ഇന്ത്യൻ വിപണിയിൽ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും സാധിക്കും.

Previous ArticleNext Article