Kerala, News

വാളയാര്‍ കേസ്;പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു

keralanews walayar case struggle of the girls mother seeking justice entered in fifth day

പാലക്കാട്:വാളയാർ കേസിൽ നീതി തേടി പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.സര്‍ക്കാര്‍ സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ ചെയ്ത എം ജെ സോജനെതിരെ നടപടി എടുക്കണമെന്നാണ് പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കുടുംബം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അട്ടപ്പളത്തെ സമരപന്തല്‍ സന്ദര്‍ശിക്കും.പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന് മുന്നില്‍ ഈ മാസം 31 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇവിടെ എത്തിയിരുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സമരത്തിന് ശേഷം സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് സമരം വ്യാപിപ്പിക്കാനാണ് പെണ്‍കുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.കോടതി മേല്‍നോട്ടത്തിലുളള പുനരന്വേഷണമാണ് മാതാപിതാക്കളുടെ ആവശ്യം. നീതി ലഭിച്ചില്ലെങ്കില്‍ മരണം വരെ സത്യാഗ്രഹം തുടരുമെന്ന് അവര്‍ പറഞ്ഞു. 2019 ല്‍ വിധി വന്നശേഷം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഏതന്വേഷണത്തിനും കൂടെയുണ്ടാകുമെന്ന് നല്‍കിയ ഉറപ്പ് പാഴായി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ താന്‍ സ്വന്തം മകളെ കൊന്നെന്ന് സമ്മതിക്കാന്‍ പോലും സമ്മര്‍ദ്ദമുണ്ടായെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിക്കുന്നു.കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ, അന്വേഷണ മേധാവിയായ ഡി.വൈ.എസ്.പി സോജന് സ്ഥാനക്കയറ്റം നല്‍കിയത് അട്ടിമറിയാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

Previous ArticleNext Article