പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കരുതെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്. വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍ വീഴ്ച വരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വേണം. മൂന്ന് മാസത്തിന് ശേഷം തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ കാരണം വ്യക്തമാക്കണമെന്നും ജലജ മാധവന് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.’സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി ലതാ ജയരാജിനെ നിയമിച്ചത് ആഭ്യന്തര വകുപ്പില്‍ നിന്നും വന്ന ഉത്തരവിന് ശേഷമാണ്. എന്നാല്‍ എന്നെ മാറ്റിയതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. അതിന് ഉത്തരം പറയേണ്ട് ആഭ്യന്തര മന്ത്രാലയമാണ്. അതിനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്’ -ജലജ മാധവന് പറഞ്ഞു.കഷ്ടിച്ച് മൂന്ന് മാസം പ്രോസിക്യൂട്ടറായി നിന്ന്, യാതൊരു പ്രവര്‍ത്തനവും ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥിതിയില്‍ നിന്ന് തന്നെ പറഞ്ഞ് വിട്ടിട്ട്, അത് തന്റെ വീഴ്ചയാണെന്ന് പറയുമ്പോൾ അതെന്താണെന്ന് തനിക്ക് പറഞ്ഞ് തരാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്.രണ്ട് ഓഫീഷ്യല്‍ വിറ്റ്നസിനെ എക്സാം ചെയ്തു കഴിഞ്ഞ് അതിന്റെ ഹിയറിംഗ് തുടങ്ങുന്നതിനു മുന്നേ അവര്‍ എന്നെ മാറ്റിയിരുന്നു. ഞാന്‍ പല സംശയങ്ങള്‍ ഉയര്‍ത്തുകയും സിഡബ്ല്യുസി ചെയര്‍മാനെതിരേ ചോദ്യങ്ങള്‍ ചോദിക്കുകയുമൊക്കെ ചെയതതിനുശേഷമാണ് മാറ്റുന്നത്. ഞാന്‍ തുടരുന്നത് ശരിയാകില്ലെന്ന് ആര്‍ക്കെങ്കിലുമൊക്കെ തോന്നിക്കാണുമെന്നാണ് ജലജാ മാധവന് സംശയമുന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിലൂടെയും ജലജ മാധവന് തന്റെ ആവശ്യം ഉന്നയിച്ചിരുന്നു.വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളും രക്ഷപ്പെടാന്‍ കാരണം പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ച്ചയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അഡ്വ.ലത ജയരാജിനെ പിണറായി വിജയന് സര്‍ക്കാര്‍ മാറ്റുന്നത്. പകരം അഡ്വ. പി സുബ്രഹ്മണ്യത്തെ നിയമിച്ചു. എന്നാല്‍, ലത ജയരാജനെതിരേ ആരോപണം ഉയര്‍ത്തുന്ന സര്‍ക്കാര്‍ എന്തിനാണ് ഒരിക്കല്‍ മാറ്റിയശേഷം വീണ്ടും അവരെ തന്നെ വാളയാര്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കി വച്ചത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇപ്പോഴും മറുപടി പറഞ്ഞിട്ടില്ല. പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റാതിരിക്കാന്‍ സര്‍ക്കാരിനോട് കേസ് നടത്തി തോറ്റ ഒരാള്‍ കൂടിയാണ് ലത ജയരാജ് എന്നിടത്താണ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് അഡ്വ. ജലജ മാധവന് ചൂണ്ടിക്കാണിക്കുന്നു.