Kerala, News

വൈത്തിരിയിലെ ഏറ്റുമുട്ടൽ;ആദ്യം നിറയൊഴിച്ചത് പോലീസുകാരെന്ന് റിസോർട്ട് ജീവനക്കാരുടെ വെളിപ്പെടുത്തൽ

keralanews vythiri encounter resort employees reveals that police started the firing

വയനാട്:വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസിനെ സംശയനിഴലിലാക്കി റിസോർട്ട് ജീവനക്കാരുടെ മൊഴി.ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന പൊലീസിന്‍റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍ രംഗത്തെത്തി. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉപവന്‍ റിസോര്‍ട്ട് മാനേജര്‍ വ്യക്തമാക്കി.മാവോയിസ്റ്റുകള്‍ പ്രകോപനം സൃഷ്ടിച്ചില്ലെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍ പറഞ്ഞു. വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളെന്നാണ് പൊലീസിന്‍റെ വാദം. പൊലീസ് തിരിച്ച്‌ വെടിവയ്ക്കുകയായിരുന്നു എന്നാണ് കണ്ണൂര്‍ റേഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്.ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.ബുധനാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുലര്‍ച്ചെ വരെ നീണ്ട ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. ദേശീയ പാതയ്ക്ക് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം.റിസപ്ഷൻ കൗണ്ടറിലെത്തിയ മാവോയിസ്റ്റുകൾ പത്തുപേർക്കുള്ള ഭക്ഷണവും പണവും ആവശ്യപ്പെടുകയായിരുന്നു.ഇതിനിടെ റിസോർട്ട് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.വൈത്തിരി ഭാഗത്ത് നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർബോൾട് കമന്റോകളും ആന്റി നക്സൽ സ്ക്വാർഡ് അംഗങ്ങളുമാണ് ഓപ്പറേഷൻ നടത്തിയത്.അതേസമയം മാവോയിസ്റ്റ് സിപി ജലീലിന്‍റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മൃതദേഹം വിട്ടു കിട്ടണമെന്ന സഹോദരന്‍ സിപി റഷീദിന്‍റെ ആവശ്യം പരിഗണിക്കുമെന്ന് പൊലീസ് പറഞ്ഞു. പത്ത് മണിയോടെ ഇത് സംബന്ധിച്ച്‌ തീരുമാനം ബന്ധുക്കളെ അറിയിക്കും.

Previous ArticleNext Article