അഹമ്മദാബാദ്:ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് പുരോഗമിക്കുന്നു. കോണ്‍ഗ്രസിനൊപ്പമുള്ള നാല്‍പ്പത്തിനാല് എംഎല്‍എമാര്‍ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തി. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍സിപിയുടെ രണ്ട് എംഎല്‍എമാരിലൊരാള്‍ അഹ്മദ് പട്ടേലിന് വോട്ട് ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ജയിക്കാനുള്ള 45 വോട്ടുകള്‍ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതേസമയം മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേലയുള്‍പ്പെടെ അഞ്ച് വിമത എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തു. രാഷ്ട്രീയ കുതിരക്കച്ചവടം,കോൺഗ്രസ് എംഎൽഎ മാരുടെ റിസോട്ടിലെ ഒളിവു ജീവിതം,ആദായനികുതി റെയ്ഡ് തുടങ്ങിയ സംഭവ വികാസങ്ങൾക്കു സാക്ഷിയായ ഗുജറാത്ത് തിരഞ്ഞെടുപ്പ് രാജ്യം ആകാംക്ഷയോടെയാണ് കാണുന്നത്.മുതിര്‍ന്ന നേതാവായ അഹ്മദ് പട്ടേലിനെ ജയിപ്പിക്കാന്‍ വിമത ഭീഷണയില്‍ പതറിയ കോണ്‍ഗ്രസിനാകുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും. ഇന്നത്തെ തെരഞ്ഞെടുപ്പോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആദ്യമായി രാജ്യസഭയിലേക്കെത്തും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വിജയം ഉറപ്പിച്ചാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലുപേരാണ് മത്സരിക്കുന്നത്.അമിത് ഷാ,സ്‌മൃതി ഇറാനി,രാജ്‌പുത് എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ.മുതിർന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർഥി.മൂന്നാം സ്ഥാനത്തിനായി കനത്ത പോരാട്ടമാണ് നടക്കുന്നത്.