പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു.ഏഴുമണിക്കൂര്‍ പിന്നിടുമ്പോൾ 51.13 ശതമാനം പേര് വോട്ട് ചെയ്തു. ഭേദപ്പെട്ട പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാര്‍മാരാണുള്ളത്. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതകളും. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ് മെഷീന് ഉപയോഗിക്കുന്നുണ്ട്.അഞ്ച് പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമുണ്ട്.1965 മുതല്‍ 13 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാലായെ പ്രതിനിധീരിച്ച കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ആം നമ്പർ ബൂത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വോട്ടു ചെയ്തത്. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന് വോട്ടു ചെയ്തു മടങ്ങി.ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് വോട്ടു ചെയ്ത ശേഷം അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഉപതിരഞ്ഞെടുപ്പില്‍ നൂറു ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചു. കൂവത്തോട് ഗവ. എല്‍പി സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ജോസ് ടോം വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത്.