തിരുവനന്തപുരം : വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാനിര്‍ദേശം.കലാപസമാന സാഹചര്യം നേരിടാൻ സജ്ജരാകാൻ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും നിർദ്ദേശം നൽകി.അടുത്ത രണ്ടാഴ്ചത്തേക്കാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്ത് കുമാറിന്റെതാണ് നിർദ്ദേശം.തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിർദ്ദേശം നൽകിയിരുക്കുന്നത്. അവധിയിലുള്ള പോലീസുകാർ തിരിച്ചെത്തണം . അടിയന്തര സാഹചര്യത്തിൽ അവധി വേണ്ടവർ ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടണം.സ്‌പെഷ്യൽ ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കണം. റേഞ്ച് ഡി ഐജിമാർ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തണം.വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളിലെ തീരദേശ പോലീസ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാക്രമീകരണങ്ങള്‍, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍. നിശാന്തിനിയെയാണ് നിയോഗിച്ചിട്ടുള്ളത്.വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് അയവുവന്നെങ്കിലും അസ്വസ്ഥത നിലനിൽക്കുന്നുണ്ട്. പോലീസ് തുടര്‍ നടപടികളിലേക്ക് കടന്നാല്‍ പ്രകോപനം ഉണ്ടാകാനും പ്രതിഷേധം സംസ്ഥാനം ഒട്ടാകെ വ്യാപിക്കാനും സാധ്യതയുണ്ട്. തീരദേശ മേഖലയില്‍ അടക്കം പ്രക്ഷോഭസാധ്യതകള്‍ ഇന്റലിജന്‍സ് മുന്നറിയിപ്പിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.