ന്യൂഡല്‍ഹി ; ഇനി മുതല്‍ നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെതാണ് ഈ ഉറപ്പ്. വോട്ടിങ് യന്ത്രങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ തിരിമറി സാധ്യമാണോയെന്ന കാര്യത്തില്‍ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ വിളിച്ചുവരുത്തി വോട്ടിങ് യന്ത്രങ്ങള്‍ കൈമാറിയുള്ള പരസ്യ പരിശോധനയും കമീഷന്‍ നടത്തും.
തെരഞ്ഞെടുപ്പുപ്രക്രിയ കുറ്റമറ്റതാക്കുന്നതിനുള്ള ഏത് ശ്രമത്തെയും സ്വാഗതം ചെയ്യും. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായും വിവിപാറ്റുകള്‍ ഉപയോഗിക്കുന്നതിനൊപ്പംതന്നെ ഒരു നിശ്ചിത ശതമാനം വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തും. യന്ത്രത്തിലെ വോട്ടുകണക്കും വിവിപാറ്റ് കണക്കും ആനുപാതികംതന്നെയെന്ന് ഉറപ്പാക്കാനാണിത്.
തെരഞ്ഞെടുപ്പുകളില്‍ പണത്തിന്റെ ദുരുപയോഗവും കോഴയും തടയുന്നതിന് പരിഷ്കാരങ്ങള്‍ ആവശ്യമാണ്. രാഷ്ട്രീയപാര്‍ടികളുടെ ഫണ്ടില്‍ സുതാര്യത ഉറപ്പാക്കാന്‍ ആദായനികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതികള്‍ വേണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞു.