Kerala, Travel

വേനലവധിക്ക് യാത്രപോകാം കണ്ണൂരിന്റെ സ്വന്തം വയലപ്ര പാർക്കിലേക്ക്

keralanews visit vayalapra park in summer vacation

കണ്ണൂർ:വെള്ളത്തിന് മുകളിൽ ഒരു പാർക്ക്….ഇത് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് തായ്‌ലൻഡിലെ പട്ടായ പോലുള്ള സ്ഥലങ്ങളിലെ തകർപ്പൻ ഫ്‌ളോട്ടിങ് പാർക്കുകളാണ്.കേരളത്തിലാണെങ്കിൽ ഇത്തരം പാർക്കുകൾ സെറ്റ് ചെയ്യുവാൻ പറ്റിയ സ്ഥലങ്ങളാണ് ആലപ്പുഴയും കൊച്ചിയും ഒക്കെ.എന്നാൽ അധികം ആരും അറിയപ്പെടാത്ത ഒരു കൊച്ചു സുന്ദരമായ ഫ്‌ളോട്ടിങ് പാർക്കുണ്ട് നമ്മുടെ കേരളത്തിൽ.അതും കണ്ണൂരിൽ….കണ്ണൂരിലെ പഴയങ്ങാടിക്ക് സമീപം വയലപ്ര എന്ന സ്ഥലത്താണ് ഈ ഫ്‌ളോട്ടിങ് ടൂറിസം പാർക്ക് സ്ഥിതി ചെയ്യുന്നത്. 2015 ലാണ് ഈ പാർക്ക് പ്രവർത്തനമാരംഭിച്ചത്. വയലപ്ര കായലിനു തൊട്ടരികിലായാണ് പാർക്ക്. പാർക്കിനു ഒരു വശത്തായി ധാരാളം കണ്ടൽക്കാടുകൾ കാണാവുന്നതാണ്. എന്നിരുന്നാലും കായലിനു മീതെ നിർമ്മിച്ചിരിക്കുന്ന ഫ്‌ളോട്ടിങ് പാർക്ക് തന്നെയാണ് ഇവിടത്തെ പ്രധാന ആകർഷണം.

keralanews visit vayalapra park in summer vacation (2)

ചരിത്ര പ്രാധാന്യമുള്ള ഏഴിമലയുടെ താഴ്‌വര ഗ്രാമമായ വയലപ്രയിലാണ്. വയലപ്ര പരപ്പ് എന്ന മനോഹരമായ തടാകം.ഈ തടാകത്തിനു മുകളിലാണ് ഫ്‌ളോട്ടിങ് പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. കുട്ടികൾക്ക് ആസ്വദിക്കുവാനായി ഗെയിം സ്റ്റേഷനുകൾ, സുരക്ഷിതമായ ചിൽഡ്രൻസ് സ്പെഷ്യൽ ബോട്ടിംഗ്, കിഡ്‌സ് പാർക്ക് തുടങ്ങിയ കുറെ ആക്ടിവിറ്റികൾ ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.ഒപ്പം പെഡൽ ബോട്ടിംഗ്, ഗ്രൂപ്പ് ബോട്ടിംഗ്, ഫാമിലി ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങി വിവിധ തരത്തിലുള്ള ബോട്ടിംഗ് പാക്കേജുകൾ അവിടെ ലഭ്യമാണ്. ബോട്ടിംഗ് നടത്തുന്ന സമയത്തിനനുസരിച്ചാണ് നിരക്കുകൾ.പാർക്കിൽ കയറുന്നതിന് ഒരാൾക്ക് 20 രൂപയും അഞ്ചു വയസ്സിനു മേലുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ചാർജ്ജ്. കൂടാതെ ക്യാമറ കയ്യിലുണ്ടെങ്കിൽ അതിനു സ്പെഷ്യൽ ചാർജ്ജും കൊടുക്കണം. സ്റ്റിൽ ക്യാമറയ്ക്ക് 60 രൂപയും വീഡിയോ ക്യാമറയ്ക്ക് 150 രൂപയുമാണ് നിരക്കുകൾ. രാവിലെ 10 മണി മുതൽ രാത്രി 8 മണിവരെയാണ് സന്ദർശന സമയം.കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് വീക്കെൻഡുകളിൽ കുടുംബവുമായി ചെലവഴിക്കുവാൻ പറ്റിയ മികച്ച ടൂറിസം സ്പോട്ടാണ് വയലപ്ര ഫ്‌ളോട്ടിങ് പാർക്ക്.

Previous ArticleNext Article