തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഈസ്റ്റര്‍-വിഷു കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. റേഷന്‍ കടകള്‍ വഴി ഇന്ന് മുതല്‍ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി.സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളില്‍ നിന്നും സൗജന്യകിറ്റ് ലഭിക്കുമെന്ന ഭക്ഷ്യവകുപ്പ് അറിയിച്ചു. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള സ്പെഷ്യല്‍ അരി വിതരണമടക്കം ഇന്ന് ആരംഭിക്കും.അരി വിതരണം നിര്‍ത്തിവെച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഇന്ന് മുതല്‍ വിതരണം തുടങ്ങാന്‍ തീരുമാനിച്ചത്. മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.അരി വിതരണം തുടരാമെന്ന് ഉത്തരവിട്ട കോടതി ഇതിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. അരി വിതരണം ചെയ്യുന്നതിനായുള്ള തീരുമാനം ഫെബ്രുവരി നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപായി എടുത്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.ഇത് സ്‌പെഷ്യല്‍ അരി എന്ന നിലയില്‍ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റില്‍ പ്രഖ്യാപിച്ചതാണ് എന്നുമാണ് സര്‍ക്കാര്‍ വാദം. അരി നല്‍കുന്നത് നേരത്തേ നടന്നുകൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പഞ്ചസാര -ഒരു കിലോഗ്രാം, കടല -500 ഗ്രാം, ചെറുപയര്‍ -500 ഗ്രാം, ഉഴുന്ന് -500 ഗ്രാം, തുവരപ്പരിപ്പ് -250 ഗ്രാം, വെളിച്ചെണ്ണ -അര ലിറ്റര്‍, തേയില -100 ഗ്രാം, മുളകുപൊടി -100 ഗ്രാം, ആട്ട -ഒരു കിലോ,മല്ലിപ്പൊടി -100 ഗ്രാം,മഞ്ഞള്‍പൊടി -100 ഗ്രാം,സോപ്പ് -രണ്ടെണ്ണം, ഉപ്പ് -ഒരു കിലോഗ്രാം, കടുക് / ഉലുവ -100 ഗ്രാം തുടങ്ങിയ 14 വിഭവങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.