കണ്ണൂർ:ഹർത്താലിനെ തുടർന്നുണ്ടായ അക്രമങ്ങൾ കണ്ണൂരിൽ തുടരുന്നു.സിപിഎം-ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്. ഇരിട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വി.കെ.വിശാഖിനാണ് വെട്ടേറ്റത്.വിശാഖിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തലശേരിയിലും പരിസര പ്രദേശങ്ങളിലും എട്ട് പ്ലാറ്റൂണ്‍ സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന തലശേരി മേഖലയില്‍ സായുധ സേന നടത്തിയ മിന്നല്‍ റെയ്ഡില്‍ 27 സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.പിക്കറ്റ് പോസ്റ്റുകളും മൊബൈല്‍ പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി കേന്ദ്ര കമ്മറ്റി അംഗം പി.കെ കൃഷ്ണദാസ്, തലശേരി നഗരസഭ വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം, മഹിളാ മോര്‍ച്ച നേതാവ് സ്മിത ജയമോഹന്‍, ബിജെപി മണ്ഡലം പ്രസിഡന്‍റ് എം.പി.സുമേശ് തുടങ്ങി ബിജെപി -സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് പോലീസ് കാവലേര്‍പ്പെടുത്തി.രാത്രിയില്‍ നടന്ന വ്യാപകമായ റെയ്ഡില്‍ പിടിയിലായവരില്‍ വി.മുരളീധരന്‍ എംപിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ഉളളതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി റെയ്ഡ് തുടരുകയാണ്. ജില്ലാ പോലീസ് മേധാവി ശിവ വിക്രം, ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ രാവിലെ വരെ തലശേരിയില്‍ ക്യാമ്ബ് ചെയ്ത് ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കി വരികയാണ്.