കണ്ണൂർ:സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്നു ജില്ലയിൽ ചിലയിടങ്ങളിൽ അക്രമം. ചൊക്ലി ഒളവിലം പള്ളിക്കുനിയിൽ ഹർത്താൽ അനുകൂലികൾ രണ്ടു കാറുകൾ അടിച്ചു തകർത്തു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടു. ഇരിക്കൂർ ടൗണിൽ തുറന്ന കടകൾ അടയ്ക്കണമെന്നു ഹർത്താൽ അനുകൂലികൾ നിർബന്ധിച്ചതിനെ തുടർന്നു സംഘർഷാവസ്ഥയുണ്ടായി. ഇതേ തുടർന്ന് അഞ്ച് ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കെഎസ്ആർടിസി ഉൾപ്പെടെ സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. ചുരുക്കം ഇരുചക്ര–സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. മലയോര– ഗ്രാമപ്രദേശങ്ങളിലും ഹർത്താൽ പൂർണമായിരുന്നു. തലേന്ന് രാത്രി പ്രഖ്യാപിച്ചതിനാൽ ഹർത്താൽ വിവരം അറിയാതെ ജനം ഏറെ ബുദ്ധിമുട്ടി. റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കുമായി പുറപ്പെട്ട പലരും വാഹനം കിട്ടാതായപ്പോഴാണു ഹർത്താൽ വിവരം അറിഞ്ഞത്.ട്രെയിനുകളിൽ റെയിൽവേ സ്റ്റേഷനിലെത്തിയവർ തുടർ യാത്രയ്ക്കു വാഹനം കിട്ടാതെ വലഞ്ഞു. ഹോട്ടലുകൾ ഉൾപ്പെടെ കടകളൊന്നും തുറന്നില്ല.സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണു ജില്ലയിൽ ഒരുക്കിയിരുന്നത്. നഗരങ്ങളിൽ ഇടവിട്ട് പൊലീസ് പട്രോളിങ്ങുണ്ടായി. പ്രധാന ടൗണുകളിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
Kerala
ഹർത്താലിൽ ജില്ലയിൽ അക്രമസംഭവങ്ങൾ ;ചൊക്ലിയിൽ കാറുകൾ അടിച്ചുതകർത്തു
Previous Articleസംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും