ന്യൂഡൽഹി:ഫീസ് വര്‍ദ്ധനയ്ക്കെതിരെ സമരം നടക്കുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ ക്യാമ്പസ്സിൽ വിദ്യാര്‍ത്ഥി യൂണിയന് പ്രവര്‍ത്തകരും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഐഷിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുമ്പ് കമ്പികളും ചുറ്റികയുമായി ക്യാംപസില്‍ അതിക്രമിച്ചു കയറിയ സംഘമാണു വിദ്യാര്‍ത്ഥികള്‍ക്കു നേരെ മര്‍ദനം അഴിച്ചുവിട്ടത്. കണ്ണില്‍ കണ്ടതെല്ലാം അവര്‍ അടിച്ചു തകര്‍ത്തു. വാട്സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയച്ച് ആളുകളെ കൂട്ടിയാണ് ഇവരെത്തിയത്. ഇടതിനെതിരെ പ്രതികരിക്കാന്‍ അണിചേരണമെന്നായിരുന്നു പരിവാര്‍ ഗ്രൂപ്പുകളില്‍ സന്ദേശമെത്തിയത്. ഇതിന് പിന്നാലെയാണ് മുഖംമൂടി സംഘത്തിന്റെ അക്രമം.ജെ.എന്‍.യുവില്‍ ഇന്നലെ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നു.യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ജെ എന്‍ യുവിലേക്ക് അക്രമികള്‍ക്ക് എത്താനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്നു. ജെ എന്‍ യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെകുറിച്ചും പറയുന്നു.പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നു.അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു.അക്രമം നടന്ന സമയത്ത് ക്യാംപസിന് പുറത്തുള്ള എല്ലാ ലൈറ്റുകളും ഓഫാക്കിയിരുന്നു.
ഫീസ് വര്‍ധന പിന്‍വലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാര്‍ച്ച് നടത്താനിരിക്കെയാണ് അക്രമം. ശനിയാഴ്ച സുരക്ഷാ ജീവനക്കാര്‍ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ഫീസ് വര്‍ധന പിന്‍വലിക്കാന്‍ തയാറാകാതെ ഓണ്‍ലൈന്‍ വഴി റജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കാനുള്ള ശ്രമം വിദ്യാര്‍ത്ഥികള്‍ ചെറുത്തതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു ക്യാംപസിലെ ആദ്യ അതിക്രമം. ക്രിക്കറ്റ് സ്റ്റംപുകളും കമ്ബുകളുമായെത്തിയ അന്‍പതോളം എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു. സംഭവമറിഞ്ഞു കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു പ്രതിരോധിച്ചതോടെ അക്രമികള്‍ ക്യാംപസ് വിട്ടു. രണ്ടാമത്തെ അതിക്രമം ഏഴോടെയായിരുന്നു. ക്യാംപസിലെ അക്രമങ്ങള്‍ക്കെതിരെ അദ്ധ്യാപക അസോസിയേഷന് നടത്തിയ പ്രതിഷേധ പരിപാടിയിലേക്കു മുഖംമൂടിധാരികള്‍ പാഞ്ഞുകയറുകയായിരുന്നു. ആയുധങ്ങളുമായി മാര്‍ച്ച് ചെയ്തെത്തിയ ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെ കല്ലെറിഞ്ഞു. ആളുകള്‍ ചിതറി ഓടിയതോടെ പിന്തുടര്ന്ന് അടിച്ചുവീഴ്ത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. അക്രമികള്‍ അഴിഞ്ഞാടിയത് മൂന്നുമണിക്കൂറാണ്. വടികളും ദണ്ഡുകളും ഇരുമ്പ് ചുറ്റികളുമായാണ് അക്രമികള്‍ ക്യാംപസില്‍ കടന്നത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം 26 പേര്‍ക്ക് പരുക്കേറ്റു.അക്രമത്തില്‍ പ്രതിഷേധിച്ച് ഐടിഒയിലെ ഡല്‍ഹി പൊലീസ് ആസ്ഥാനത്തു സമരവുമായി വിദ്യാര്‍ത്ഥികള്‍ എത്തി. ജെഎന്‍യു, ജാമിയ മില്ലിയ, ഡല്‍ഹി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകി ഐടിഒയില്‍ റോഡ് തടഞ്ഞാണു പ്രതിഷേധിച്ചത്. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാംപസ്, ജാമിയ മില്ലിയ ക്യാംപസ് എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ രാത്രി പ്രതിഷേധിച്ചു.മുംബൈ ഇന്ത്യാ ഗേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥിളുടെ പ്രതിഷേധം തുടരുകയാണ്.