കണ്ണൂർ:സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ അപ്രഖ്യാപിത ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. പലയിടത്തും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ നിരത്തിലിറങ്ങിയില്ല.പലയിടങ്ങളിലും കെഎസ്ആർടിസി ബസുകൾ രാവിലെ സർവീസ് നടത്തിയെങ്കിലും കല്ലേറും റോഡ് തടസ്സപ്പെടുത്തലും കാരണം പിന്നീട് ഓട്ടം നിർത്തിവെച്ചു. മലബാറിലെ ജില്ലകളിലാണ് ഹർത്താൽ കാര്യമായി ബാധിച്ചത്.പലയിടത്തും അക്രമങ്ങളുണ്ടായി. ആറ് കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടു.കണ്ണൂരിൽ ടൌൺ സ്റ്റേഷനിലേക്ക് പ്രകടനമായി എത്തുകയും സ്റ്റേഷനിലേക്ക് തള്ളി കയറുകയും പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 20 ഓളം വരുന്ന ആളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.നേരത്തെ ഹർത്താലിന്റെ മറവിൽ വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്ത 15 ഓളം പേരെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കാൻ ടൌൺ സ്റ്റേഷനിലെത്തിയ ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം ജില്ലയിലെ താനൂരിൽ ഹർത്താൽ അക്രമാസക്തമായി. ഹർത്താൽ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ ഇരുപതോളം പോലീസുകാർക്ക് പരിക്കേറ്റു.താനൂർ ഉൾപ്പെടെയുള്ള മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.തിങ്കളാഴ്ച്ച മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ.