കണ്ണൂർ:ശ്രീകണ്ഠപുരം കാഞ്ഞിരക്കൊല്ലി റിസോർട്ടിൽ അക്രമം നടത്തിയ സംഭവത്തിൽ സൈനികരടക്കം ആറുപേർ അറസ്റ്റിലായി.മയ്യില്‍ വേളം സ്വദേശികളായ ശ്രീവത്സത്തില്‍ രൂപേഷ് (31), കൊട്ടഞ്ചേരി വീട്ടില്‍ അഭിലാഷ് (29), ഊരാട ലിതിന്‍ (31), ഊരാട പ്രണവ് (29), ഊരാട ലിഷ്ണു (27), പുത്തന്‍പുരയില്‍ അനൂപ് (30) എന്നിവരാണ് അറസ്റ്റിലായത്. രൂപേഷും അഭിലാഷും ലിതിനും പ്രണവും സൈനികരാണ്. ഇവര്‍ സഞ്ചരിച്ച മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തു. കാഞ്ഞിരക്കൊല്ലിയിലെ റിസോര്‍ട്ടിലായിരുന്നു അതിക്രമം.റിസോര്‍ട്ടില്‍ രാത്രിയില്‍ അടുത്ത മുറിയിലുണ്ടായിരുന്നവരുമായി വാക്കേറ്റമുണ്ടാവുകയും ഇതില്‍ ഇടപെട്ട റിസോര്‍ട്ട് ജീവനക്കാരെ ആക്രമിക്കുകയും ഫര്‍ണിച്ചറുള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. ഏകദേശം കാല്‍ലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ നശിപ്പിച്ചുവെന്നാണ് പറയുന്നത്. ഇതോടെ ജീവനക്കാര്‍ പയ്യാവൂര്‍ പൊലീസില്‍ വിവരമറിയിച്ചു.തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യാവൂര്‍ എസ്‌ഐ. കെ.കെ.രാമചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ്, സിവില്‍ പൊലീസ് ഓഫീസര്‍ പി.ദീപു എന്നിവരെ മുറിയില്‍ പൂട്ടിയിടുകയും വടിയും മറ്റുമുപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു.ജീവനക്കാര്‍ ശ്രീകണ്ഠപുരം പൊലീസില്‍ വിവരമറിയിച്ചതോടെ ഇന്‍സ്‌പെക്ടര്‍ ഇ.പി.സുരേശന്റെ നേതൃത്വത്തിലെത്തിയ സംഘം പൊലീസുകാരെ മോചിപ്പിച്ചു. പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.സംഭവമറിഞ്ഞ് പയ്യാവൂര്‍ ഇന്‍സ്‌പെക്ടര്‍ പി.ഉഷാദേവിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് രാത്രിതന്നെ ആറുപേരെയും അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടില്‍ പരാക്രമം നടത്തിയതിന് ഉടമ സന്തോഷ് ജോര്‍ജിന്റെ പരാതിയില്‍ ആറുപേര്‍ക്കെതിരെയും കേസെടുത്തു. ഇതുകൂടാതെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതിന് മറ്റൊരു കേസുമെടുത്തിട്ടുണ്ട്.അതേസമയം സംഭവത്തിൽ പ്രതികളായ സൈനികർക്ക് ജോലി നഷ്ടപ്പെടും.കേസുമായി ബന്ധപ്പെട്ട് പൊലീസ് സൈന്യത്തിന് റിപ്പോര്‍ട്ടും നല്‍കി.