Kerala, News

സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ വിജിലന്‍സ് അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്തു

keralanews vigilance recorded abdullakuttys statement on the complaint of financial irregularities

കണ്ണൂര്‍: കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.പള്ളിക്കുന്നിലെ അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയാണ് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം മൊഴിയെടുത്ത്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്താന്‍ അനുവദിച്ച ഒരു കോടി രൂപയില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. 2016 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് തിരക്കുപിടിച്ച്‌ പദ്ധതി കൊണ്ടുവന്നത്. ഈ സമയം കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു അബ്ദുള്ളക്കുട്ടി.ഉപകരണങ്ങളും മറ്റും വാങ്ങാന്‍ ഒരു കോടി രൂപ ചെലവഴിച്ചെങ്കിലും 2018 ല്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മാത്രമാണ് നടത്തിയത്. ഈ ഇനത്തില്‍ വന്‍ സാമ്പത്തികത്തട്ടിപ്പ് നടന്നുവെന്ന പരാതിയിലാണു വിജിലന്‍സ് കേസെടുത്തത്. കേസില്‍ കണ്ണൂര്‍ ഡിടിപിസി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ബന്ധപ്പെട്ട ഫയല്‍ പിടിച്ചെടുത്തിരുന്നു.അതേസമയം, പദ്ധതിയിലെ ക്രമക്കേടിന്റെ അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ എംഎല്‍എയുടെ മൊഴി എടുക്കാനെന്ന നിലയിലാണ് വിജിലന്‍സ് സംഘം തന്റെ വീട്ടില്‍ വന്നതെന്നും റെയ്ഡ് എന്ന നിലയില്‍ പ്രചരിച്ച വാര്‍ത്ത ശരിയല്ലെന്നും അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉദ്യോഗസ്ഥരോട് ഓഫീസില്‍ വരാമെന്ന് താന്‍ സമ്മതിച്ചതാണെന്നും അവരാണ് വീട്ടില്‍ വരാമെന്ന് പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പോസ്റ്റില്‍ പറഞ്ഞു.കേരളം കണ്ട ടൂറിസത്തിലെ വലിയ തട്ടിപ്പാണിത്. അന്നത്തെ സര്‍ക്കാര്‍, ഡിടിപിസി ഇവരൊക്കെ മറുപടി പറയേണ്ടതുണ്ട്. കുറ്റക്കാരനെ കണ്ടെത്തി കാശ് തിരിച്ചുപിടിച്ച്‌ പദ്ധതി പുന:സ്ഥാപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാവണം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഏത് അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Previous ArticleNext Article