കണ്ണൂർ:കെ എം ഷാജി എംഎല്‍എയുടെ പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെ വിജിലന്‍സ് ചോദ്യം ചെയ്തു.ജില്ലാ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദിനെ സിറ്റി അഞ്ചുകണ്ടിയിലെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്തത്.കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഈ വിഷയത്തില്‍ മുസ്ലീംലീഗ് നടത്തിയ പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും വിജിലന്‍സ് ചോദിച്ചറിഞ്ഞു. അഴീക്കോട് ഹൈസ്കൂളിന് മുന്‍ യുഡിഎഫ് ഭരണകാലത്ത് പ്ലസ്ടു കോഴ്സ് അനുവദിച്ചതിന്റെ പേരില്‍ കെ എം ഷാജി സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അനധികൃത സ്വത്തു സമ്പാദനത്തിനും വിജിലന്‍സ് ഷാജിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സമാന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും നേരിടുകയാണ്. ഈ വിഷയത്തില്‍ വിജിലന്‍സ് നേരെത്ത എഫ്ഐആര്‍ സമർപ്പിച്ചിരുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി മധുസൂദനനാണ് അന്വേഷണച്ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയത്.ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലുണ്ടായ അഭിപ്രായം, അതോടൊപ്പം കൊടുമണ്‍ പത്മനാഭന്റെ മൊഴി, മുന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന നൗഷാദ് പൂതപ്പാറയുടെ പരാതി എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഷാജി മാത്രമാണ് കേസിലെ പ്രതി.