തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് സോണുകളായി തുടരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളില്‍ അതീവ ജാഗ്രത തുടരുന്നു. റെഡ് സോണുകള്‍ പൂര്‍ണമായും അടച്ച് പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ഇവിടങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ഓരോ ദിവസവും പുതിയ കേസുകള്‍ ഇവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ട ശേഷം കണ്ണൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ട് പേര്‍ക്ക് കൊവിഡ് ഉറപ്പിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ദുബായില്‍ നിന്നെത്തി നാല്‍പത് ദിവസം പിന്നിട്ടയാള്‍ക്കും 37 ദിവസം കഴിഞ്ഞ യുവതിക്കുമാണ് രോഗലക്ഷണങ്ങളില്ലാതിരുന്നിട്ടും വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.കണ്ണൂരില്‍ സമ്പർക്കത്തിലൂടെയാണ് ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 17 നാണ് 21 കാരന്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞ സമയത്ത് യാതൊരു രോഗലക്ഷണങ്ങളും കാണിക്കാതിരുന്ന ഇയാള്‍ക്ക് വിദേശത്ത് നിന്നെത്തിയ എല്ലാവരെയും പരിശോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെയാളായ ചെറുവാഞ്ചേരി സ്വദേശിയായ 20 കാരി മാര്‍ച്ച് 21 കൊച്ചിയിലാണ് വിമാനമിറങ്ങിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് 37 ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചു.കണ്ണൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂരിയാട് സ്വദേശിയായ മൂന്നാമത്തെയാള്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇവിടെയും പരിശോധനകളും നിരീക്ഷണവും ശക്തമായി തുടരുകയാണ്.രോഗം തീവ്രമായ ഇടുക്കി ജില്ലയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഡോക്ടറും ആശാവര്‍ക്കറുമുള്‍പ്പെടെ ആറുപേരുടെ ഫലം ഇന്ന് നെഗറ്റീവായത് ആശ്വാസമായി. ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍, മൈസൂരില്‍ നിന്നെത്തിയ യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ യുവതി , മറ്റൊരു ഇടുക്കി സ്വദേശി എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ചശേഷം മൂന്ന് ദിവസത്തിന് ശേഷം നെഗറ്റീവായത്. ഒരു ടെസ്റ്റ് കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാം.റെഡ് സോണായ കോട്ടയം ജില്ലയില്‍ 375 ഫലങ്ങളാണ് ഇനി വരാനുള്ളത്. റെഡ്സോണ്‍ മേഖലയായതിനാല്‍ ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. അഞ്ചുപേരില്‍ കൂടുതല്‍ ഇവിടെ കൂട്ടം കൂടുന്നതുള്‍പ്പെടെ തടഞ്ഞിരിക്കുകയാണ്.