കൊച്ചി:പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന് പ്രഖ്യാപിക്കും.അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആസാം സ്വദേശി അമീറുൽ ഇസ്ലാമാണ് കേസിലെ ഏക പ്രതി.കൊലയ്ക്കുപയോഗിച്ച കത്തിയിൽ നിന്നും പ്രതിയുടെ ചെരുപ്പിൽ നിന്നുമടക്കം വേർതിരിച്ചെടുത്ത അഞ്ചു ഡി എൻ എ പരിശോധന റിപ്പോർട്ടുകൾ,പ്രതിയുടെ കയ്യിലുണ്ടായിരുന്ന മുറിവ് ജിഷ കടിച്ചതാണെന്ന ഡോക്റ്ററുടെ മൊഴി,അയൽവാസിയായ ശ്രീലേഖയുടെ മൊഴി തുടങ്ങിയവയാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ കോടതി മുൻപാകെ ഹാജരാക്കിയത്.അതേസമയം കേസിൽ പോലീസ് ഹാജരാക്കിയ തെളിവുകൾ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ ആവില്ലെന്ന് വിശ്വസിക്കുന്നതായി അഡ്വ.ബി.എ ആളൂർ.ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അമീറുൽ ഇസ്ലാമിനെ പ്രതിയാക്കിയത്.യഥാർത്ഥ പ്രതികൾ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടെന്നും ആളൂർ വ്യക്തമാക്കി.ശാസ്ത്രീയമായ തെളിവുകൾ മാത്രം വെച്ച് പ്രതിയെ ശിക്ഷിക്കാൻ സാധിക്കില്ലെന്നും ആളൂർ പറയുന്നു.പ്രതിക്കെതിരായ തെളിവുകൾ പൂർണ്ണമല്ലെന്നും അതിനാൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആളൂർ പറഞ്ഞു.