ന്യൂഡൽഹി: ഏഴ് പതിറ്റാണ്ട് നീണ്ട ബാബരി ഭൂമി കേസിലെ അന്തിമവിധി ഇന്ന്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊേഗായി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് രാവിലെ 10.30 ന് കേസിൽ വിധി പറയും.വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഇക്കാര്യം സുപ്രീംകോടതിയുടെ നോട്ടീസായി ഇറങ്ങിയത്. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറയുമെന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കി.വിധി പ്രസ്താവിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാേജന്ദ്ര കുമാര്‍ തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരെ ചീഫ് ജസ്റ്റിസ് സ്വന്തം ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കു ശേഷം വിവരമറിയാന്‍ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ തന്നെ രണ്ട് ഉദ്യോഗസ്ഥരും സുപ്രീംകോടതിയില്‍നിന്ന് മടങ്ങി.ചീഫ് ജസ്റ്റിസിന്റെ കൂടിക്കാഴ്ചക്കെതിരെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധങ്ങളുയരുന്നതിനിടയിലാണ് ശനിയാഴ്ച വിധിപറയാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.1949 ഡിസംബര്‍ 22ന് രാത്രി ഫൈസാബാദിലെ ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ ഒരുസംഘം രാമവിഗ്രഹം കൊണ്ടുവെച്ചതോടെ തുടങ്ങിയ നിയമയുദ്ധത്തിനാണ്, ഏഴ് പതിറ്റാണ്ടിനുശേഷം പരമോന്നത കോടതി അന്ത്യം കുറിക്കാനൊരുങ്ങുന്നത്. അതിക്രമിച്ചു കയറി വിഗ്രഹം വെച്ചവരെ ശിക്ഷിച്ചെങ്കിലും വിഗ്രഹം നീക്കം ചെയ്യാതെ ജില്ല ഭരണകൂടം പള്ളി അടച്ചുപൂട്ടി.രാമജന്മഭൂമിയില്‍ വിഗ്രഹം സ്വയംഭൂവായതാണെന്ന് വാദിച്ച് ഹിന്ദുവിഭാഗം രംഗത്തുവന്നേതാടെ സുന്നിവഖഫ് ബോര്‍ഡ് പള്ളി തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 1992 ഡിസംബര്‍ ആറിന് രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായി കര്‍സേവകരെ അയോധ്യയിലെത്തിച്ച് സംഘ്പരിവാര്‍ പള്ളി തകര്‍ത്ത് അവിടെ താല്‍ക്കാലിക ക്ഷേത്രം കെട്ടിയുണ്ടാക്കി രാമവിഗ്രഹം സ്ഥാപിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2010ല്‍ അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ രാം ലല്ല, നിര്‍മോഹി അഖാഡ എന്നീ ഹിന്ദുപക്ഷത്തെ രണ്ട് കക്ഷികള്‍ക്കും സുന്നി വഖഫ് ബോര്‍ഡ് എന്ന മുസ്ലിം പക്ഷത്തെ ഏക കക്ഷിക്കും തര്‍ക്കത്തിലുള്ള 2.77 ഭൂമി തുല്യമായി വീതിക്കാന്‍ ഉത്തരവിട്ടു. അതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതി വാദം അവസാനിപ്പിച്ച് വിധിപറയാനായി മാറ്റിയത്