കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാൽസംഗ കേസിൽ നിർണായക വിധി ഇന്ന് പ്രഖ്യാപിക്കും.കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറയുന്നത്. കുറവിലങ്ങാട് നാടാകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ 2018 ജൂണിലാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്. കുറവിലങ്ങാട്ടെ മഠത്തിലും മറ്റിടങ്ങളിലും വച്ച് 2014 മുതൽ 2016 വരെ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ ബലാൽസംഗം ചെയ്തെന്നാണ് കേസ്. അന്യായമായി തടഞ്ഞുവെയ്ക്കൽ, അധികാര ദുർവിനിയോഗം നടത്തിയുള്ള ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാൽസംഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയത്.അടച്ചിട്ട കോടതി മുറിയിൽ 105 ദിവസം നീണ്ട വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. 2019 ഏപ്രിൽ ഒൻപതിന് കുറ്റപത്രം സമർപ്പിച്ച കേസിൽ നവംബർ 30ന് വിചാരണ ആരംഭിച്ചു. വാദങ്ങളും പ്രതിവാദങ്ങളും 2021 ഡിസംബർ 29നാണ് പൂർത്തിയായത്. 83 പേരാണ് സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതിഭാഗം ഒൻപത് സാക്ഷികളെയാണ് വിസ്തരിച്ചത്.2018 ജൂണ്‍ 27ന് ആണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബിഷപ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 2018 സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.2019 ഏപ്രില്‍ മാസത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്.