India, News

അയോധ്യാ വിധി;സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

keralanews verdict in ayodya case chief justice ranjan gogoi called up chief secretary and dgp to delhi to assess the situation

ന്യൂഡല്‍ഹി: അയോധ്യാ കേസിൽ വിധി പ്രസ്താവിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അയോധ്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലെത്താനാണ് നിര്‍ദേശം. അടുത്തയാഴ്ചയാണ് കേസില്‍ വിധി പറയുക.വിധി പറയുന്നതിന് മുന്നോടിയായി ഉത്തര്‍പ്രദേശിലേക്ക് മാത്രം നാലായിരത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെങ്ങും ഡിസംബര്‍ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.വന്‍ സജ്ജീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഡ്രോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ളവയും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ്, കേന്ദ്ര സേന, ഭീകര വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളെല്ലാം ചേര്‍ന്ന് 17,000ത്തോളം സുരക്ഷാ സേനാംഗങ്ങള്‍ അയോധ്യയിലുണ്ട്. സാമൂഹികമാധ്യമങ്ങളിലും അത്രയും പേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.നാല് ഘട്ട പരിശോധനയാണ് തര്‍ക്ക സ്ഥലത്ത് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇടുന്നതു വിലക്കി ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാര്‍ ഝാ ഉത്തരവിട്ടിട്ടുണ്ട്. അതിനാല്‍ പോസ്റ്റുകളെല്ലാം പൊലീസ് കര്‍ശനമായി നിരീക്ഷിച്ച്‌ വരികയാണ്.വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നബാധിത മേഖലകളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അയോധ്യയിലെ തര്‍ക്കഭൂമി രാം ലല്ല, നിര്‍മോഹി അഖാഢ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി വാദംകേട്ടത്.

Previous ArticleNext Article