തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ രണ്ടു പേര്‍കൂടി പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള മദപുരം സ്വദേശി ബിജു (ഉണ്ണി), ഇയാളുടെ സുഹൃത്ത് പുല്ലംപാറ സ്വദേശി അന്‍സര്‍ എന്നിവരാണ് വെമ്പായം നൂറേക്കറിനു സമീപത്തു നിന്ന് ഇന്നലെ രാത്രി വൈകി പൊലീസ് പിടിയിലായത്.സംഭവത്തില്‍ ഇതുവരെ ഒന്‍പത് പ്രതികളാണ് പിടിയിലായത്. ഉണ്ണിയെയും അന്‍സറിനെയും പ്രത്യേക കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഉണ്ണിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമാകും അന്‍സറിന്റെ അറസ്റ്റ്. കൊലപാതകത്തിന് മറ്റൊരുടെയെങ്കിലും നിര്‍ദേശം ലഭിച്ചിരുന്നോ, ഒളിവില്‍ പോകാന്‍ ആരെല്ലാം സഹായിച്ചു തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിയുന്നത്.നേരത്തെ അറസ്റ്റിലായവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കും.മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയാകും തെളിവെടുപ്പ് ആരംഭിക്കുക.കൊലപാതകശേഷം പ്രതികളായ സനലിനെയും സജീവിനെയും വാഹനത്തിൽ രക്ഷപ്പെടാന്‍ സഹായിച്ചത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക പ്രീജയാണെന്ന് പൊലീസ് പറഞ്ഞു. പ്രീജ ചിട്ടിപിടിച്ച പണം ഇരുവര്‍ക്കും നല്‍കിയതായും അന്വേഷണസംഘം കണ്ടെത്തി. ഇതില്‍ 13,500 രൂപ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളുടേതെന്നു കരുതുന്ന വസ്ത്രങ്ങളും വെട്ടാനും കുത്താനും ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. നെടുമങ്ങാട് ആനാടിന് അടുത്തുള്ള മൊട്ടക്കാവിലെ റബര്‍ തോട്ടത്തില്‍ നിന്നാണ് രണ്ട് ഷര്‍ട്ട് കിട്ടിയത്. ഷര്‍ട്ടും ആയുധങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.രാഷ്ട്രീയ കൊലപാതകത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് ഇടപെടലും പരിശോധിക്കുന്നുണ്ട്.ചിലരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇവരുടെ രണ്ടുമാസത്തെ ഫോണ്‍വിവരങ്ങളാണ് ശേഖരിക്കുന്നത്.