തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിട്ടുനല്‍കാന്‍ തീരുമാനം.എന്നാല്‍ വാഹന ഉടമകള്‍ക്കെതിരെയുള്ള കേസ് കോടതിയിലേക്ക് കൈമാറും.ലോക്ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 27,000 ത്തോളം വാഹനങ്ങളാണ് പിടിച്ചെടുത്തത്.കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ ലോക്ഡൗണ്‍ തീര്‍ന്നതിന് ശേഷം മാത്രമേ വിട്ടുനല്‍കുമെന്നായിരുന്നു പൊലീസ് നേരത്തേ പറഞ്ഞിരുന്നത്. സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഇനിമുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കില്ലെന്നും പകരം പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നടപടി.സംസ്ഥാനത്ത് ഓരോ ജില്ലകളിലും ലോക്ക്ഡൗണ്‍ ലംഘിക്കുന്നതിനുള്ള പിഴ തീരുമാനിക്കാനായി ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്‍ വാഹനങ്ങളുടെ പിഴ തീരുമാനിക്കണം. ഇതുമായി ബദ്ധപ്പെട്ട വിജ്ഞാപനം വൈകാതെ പുറത്തിറങ്ങുമെന്നാണ് നിഗമനം.പിഴയീടാക്കി വിട്ടയക്കുന്ന വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ പുറത്തിറങ്ങാന്‍ പാടില്ലെന്നും ഈ വാഹനം വീണ്ടും പിടികൂടിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും അറിയിച്ചു.