ഇടുക്കി: ഇടുക്കിയിൽ ഏലത്തോട്ടത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലിക്കായി കൊണ്ടുവന്ന വാഹനം പിടികൂടി. വാഹനത്തിൽ നിന്നും 18 വയസ്സിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. കുമളി ടൗണിൽ നടന്ന പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. ഇടുക്കിയിലെ ഏലത്തോട്ടത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ജോലിക്കായി കൊണ്ടുവരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ ഭരണകൂടവും ശിശു ക്ഷേമ സമിതിയും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.ഏലത്തോട്ടത്തിൽ കീടനാശിനി തളിക്കുന്നതടക്കമുള്ള ജോലികൾ കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് കുമളി, കമ്പമട്ടം ചെക്‌പോസ്റ്റുകളിൽ പരിശോധന നടത്തിയത്. വാഹനത്തിൽ കുട്ടികൾക്കൊപ്പമുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.അതേസമയം കുട്ടികളെ വീട്ടില്‍ ഒറ്റക്ക് ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പണിക്ക് കൊണ്ടു പോകുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 12 വാഹന ഉടമകള്‍ക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്.