തിരുവനന്തപുരം:വില കുറയ്ക്കാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥർക്കിടയിൽ പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് വീണ്ടും കുതിച്ച് ഉയർന്ന് പച്ചക്കറി വില. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറുരൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്.മറ്റ് പച്ചക്കറികൾക്കും ആഴ്ചകളായി ഉയർന്ന വില തുടരുകയാണ്. മുരിങ്ങക്കായ ആണ് നിലവിൽ തീ വിലയുള്ള പച്ചക്കറി ഇനം. 300 രൂപയാണ് ഇന്നത്തെ വില. വെണ്ടയ്ക്ക് കിലോയ്ക്ക് എഴുപത് രൂപയും, ചേന, ബീൻസ്, ക്യാരറ്റ് എന്നിവയ്ക്ക് അറുപത് രൂപയുമാണ് വില. ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതി കാരണം ഉൽപ്പാദനം കുറഞ്ഞതാണ് പച്ചക്കറിയ്ക്ക് വിലകൂടാൻ കാരണം. അതേസമയം, ഹോർട്ടികോർപ്പ് കുറഞ്ഞ വിലയ്ക്ക് വിൽപ്പന തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ 80 ടൺ പച്ചക്കറി തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തെങ്കാശിയിൽ നിന്നും നേരിട്ട് പച്ചക്കറി എത്തിക്കുന്നതിനായി ബുധനാഴ്ച കരാറൊപ്പിടുമെന്നാണ് ഹോർട്ടികോർപ്പ് അറിയിച്ചത്.