തിരുവനന്തപുരം:ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു.ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഉള്ളിയും പച്ചമുളകും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് മൊത്തവില്‍പനക്കാര്‍. ഇന്നലെ അറുപത് രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് 35 രൂപയാണ് ഒറ്റദിവസം കൊണ്ട് കൂടിയിരിക്കുന്നത്.20-25 രൂപയ്ക്ക് ലഭിക്കുമായിരുന്ന സവാളയുടെ വില ഒറ്റയടിക്ക് 40 രൂപയായി ഉയര്‍ന്നു.ഒരു പെട്ടി തക്കാളിയുടെ വില 500ൽ നിന്ന് 850 രൂപയായാണ് ഉയര്‍ന്നത്.ഇന്നലെവരെ 28 രൂപയായിരുന്ന പച്ചമുളകിന് 45 രൂപയാണ് ഇന്നത്തെ വില. കൊറോണ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍ത്തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞെന്നാണ് വിലകൂട്ടാനുള്ള കാരണമായി കച്ചവടക്കാര്‍ പറയുന്നത്.ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ഇനിയും വില കൂടുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.