Food, Kerala, News

ഇന്ധന വില വർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വിലയും

keralanews vegetable price in the state increasing following the rise in fuel prices

തിരുവനന്തപുരം: ഇന്ധന വില വർധനയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വിലയും.രണ്ടാഴ്ചക്കിടെ 20 രൂപയോളമാണ് പച്ചക്കറികൾക്ക് വര്‍ധിച്ചത്. ദിനേനെ വര്‍ധിച്ചു വരുന്ന പെട്രോള്‍ ഡീസല്‍ വിലയും സാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണമാകുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച 20 രൂപക്ക് വില്‍പ്പന നടത്തിയിരുന്ന തക്കാളിക്ക് ഇന്നത്തെ വില 60 രൂപയാണ്. 22, 23 രൂപക്ക് വില്‍പ്പന നടത്തിയിരുന്ന ഉള്ളി ഇന്ന് 40 രൂപക്ക് വില്‍പ്പന നടത്തേണ്ട അവസ്ഥയാണ് കച്ചവടക്കാര്‍ക്ക്.തക്കാളി, ഉള്ളി കൂടാതെ പയറിനും വില വര്‍ധിച്ചിട്ടുണ്ട്. 50 രൂപക്കാണ് പയര്‍ വില്‍പ്പന നടത്തുന്നത്. കേരളത്തിലേക്ക് തക്കാളി എത്തികൊണ്ടിരുന്നത് കര്‍ണാടകയിലെ മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ കേരളത്തിലേക്ക് തക്കാളിയെത്തിക്കുന്നത് മഹാരാഷ്ട്രയില്‍ നിന്നുമാണ്. കര്‍ണാടകയില്‍ മഴ കാരണം കൃഷി കുറഞ്ഞതും തക്കാളി ഉല്‍പാദിപ്പിക്കാന്‍ സാധിക്കാത്തതും വില കൂടാന്‍ കാരണമായി.പൂണെയില്‍ നിന്നുമാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. മഴകാരണം പൂണെയിലും ഉള്ളി ലഭ്യത കുറഞ്ഞത് കാരണം വില കൂടാന്‍ കാരണമായെന്നാണ് മൊത്തകച്ചവടക്കാര്‍ പറയുന്നത്. കൂടാതെ സമീപ സംസ്ഥാനങ്ങളിലേക്ക് പച്ചക്കറി കയറ്റിവിടുന്നത് മൂലം കേരളത്തിലേക്കുള്ള പച്ചക്കറി ലഭ്യത കുറഞ്ഞ് വരികയാണ്. ഇതും വില കൂടാന്‍ കാരണമായെന്നാണ് കച്ചവടക്കാര്‍ പറയുന്നു ഉരുളക്കിഴങ്ങിനും വില കൂടുതലാണ്. 25 രൂപയാണ് ഉരുളക്കിഴങ്ങിന്റെ വില. പച്ചക്കറികള്‍ക്ക് പുറമെ ചുവന്ന പരിപ്പ്, പഞ്ചസാര, കോഴിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 100 രൂപയാണ് ചുവന്ന പരിപ്പിന്റെ വില. പഞ്ചസാരക്ക് 42 രൂപയും.സാധനങ്ങളുടെ വില വര്‍ധനവ് മൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ചെറുകിട കച്ചവടക്കാരും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കച്ചവടം ചെയ്യുന്നവരുമാണ്. പച്ചക്കറികള്‍ക്കും, അനാദി സാധനങ്ങള്‍ക്കും വില വര്‍ധിച്ചതോടെ ഹോട്ടല്‍ റസ്‌റ്റോറന്റ് മേഖലയലും പ്രതിസന്ധിയിലായിരിക്കുകയാണ്. പെട്ടെന്ന് സാധനങ്ങളുടെ വില കൂട്ടുകയെന്നത് പ്രയാസമാണ്.വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ ഹോട്ടല്‍ അടച്ചിടേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നും ഹോട്ടലുടമകൾ പറഞ്ഞു.

Previous ArticleNext Article