തിരുവനന്തപുരം:ഫേസ്ബുക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.അബ്ദുല്ലക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്നും മഞ്ചേശ്വരം സീറ്റ് കണ്ട് ബി.ജെ.പിയിലേക്ക് പോകാന്‍ ശ്രമിക്കുന്ന അബ്ദുള്ളക്കുട്ടിയെന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു.അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടില്‍ മുഖപ്രസംഗം എഴുതിയാണ് വീക്ഷണം നേതാവിനെ വിമര്‍ശിച്ചത്.കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹവുമായാണ് എന്നും മുഖ്യപ്രസംഗം വിമര്‍ശിക്കുന്നു. ഇരിക്കുന്ന കൊമ്ബ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇങ്ങനെയൊരാളെ കോണ്‍ഗ്രസില്‍ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് സീറ്റില്‍ മോഹമുണ്ടായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ആ മോഹം നടക്കാതെ പോയതാണ് ഇപ്പോഴത്തെ കുറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നും മഞ്ചേശ്വം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന അബ്ദുള്ളക്കുട്ടിയെന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഉപദേശവും വീക്ഷണം നല്‍കുന്നുണ്ട്. നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്ബോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. മോദി അനൂകൂല പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.അതേസമയം ബിജെപിയില്‍ പോകുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. തന്നെ അതിനിശിതമായി വിമര്‍ശിക്കുന്ന വീക്ഷണം മുഖപ്രസംഗം കണ്ട് ഞെട്ടിയെന്നും വിശദീകരണം കേള്‍ക്കുന്നതിന് മുന്‍പ് വിധി പറയുകയാണ് വീക്ഷണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിശദീകരണം ചോദിച്ചത് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ പറഞ്ഞു.