തളിപ്പറമ്പ്:വയൽ നികത്തി ബൈപാസ് പണിയുന്നതിനെതിരായി കീഴാറ്റൂർ വയലിൽ സമരം പുനരാരംഭിച്ചു.വയൽക്കിളി ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കീഴാറ്റൂർ വയൽ പിടിച്ചെടുത്ത് കൊടിനാട്ടിയാണ് സമരം പുനരാരംഭിച്ചത്.ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരമണിയോടെയാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ദേശീയപാതാ വിരുദ്ധ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തളിപ്പറമ്പിലെത്തി കീഴാറ്റൂരിലേക്ക് ലോങ്ങ് മാർച്ച് നടത്തി വയൽ പിടിച്ചെടുത്തത്.കണ്ടങ്കാളി സമര നായകൻ ടി.പി പദ്മനാഭൻ സമരം ഉൽഘാടനം ചെയ്തു.കീഴാറ്റൂർ ഐക്യദാർഢ്യ സമിതി ചെയർമാൻ ഡോ.സി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.കീഴാറ്റൂർ വയൽക്കരയിൽ സംഗമിച്ച പ്രവർത്തകർ വയലിൽ ചുവന്ന കൊടിയും ബാനറും സ്ഥാപിച്ചു.ശേഷം വയൽ പിടിച്ചെടുക്കൽ പ്രതിജ്ഞയെടുത്തു.നിഷാന്ത് പരിയാരം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സുരേഷ് കീഴാറ്റൂർ.രവി പാനൂർ,ജെയിംസ്,സൈനുദ്ധീൻ കരിവെള്ളൂർ,അബ്ദുൽ ജബ്ബാർ,അപ്പുക്കുട്ടൻ കാരയിൽ,നിഷിൽ കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.സമരത്തിന്റെ പശ്ചാത്തലത്തിൽ തളിപ്പറമ്പ് എസ്‌ഐ കെ.ജെ വിനോയ്,ആലക്കോട് സിഐ ഇ.പി സുരേശൻ,പയ്യന്നൂർ സി.ഐ കെ.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വാൻ പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.വയൽ നികത്തി ബൈപാസ് പണിയുന്നതിന് ഭാഗമായി ത്രീഡി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കുന്നത്.