കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്‍റെ ചുമതലകളില്‍ നിന്നും നീക്കി വത്തിക്കാൻ ഉത്തരവ്.പകരം ചുമതല ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി.മുംബൈ രൂപതയുടെ മുന്‍ സഹായ മെത്രാനാണ് ഇദ്ദേഹം. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത നിലനില്‍ക്കെയാണ് ചുമതലകളില്‍ നിന്നും നീക്കിയത്.അതേസമയം കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ തുടരുകയാണ്.അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കോട്ടയം എസ് പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.ബുധനാഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറിലധികം ചോദ്യങ്ങളില്‍ 104 ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.എന്നാൽ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ ബിഷപ് നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പല ചോദ്യങ്ങള്‍ക്കും ബിഷപ്പ് മറുപടി നല്‍കാതെ കൈക്കൂപ്പി നില്‍ക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല, മറുപടികളില്‍ വൈരുദ്ധ്യങ്ങളും ഉണ്ട്. ഇത് അറസ്റ്റിന്റെ സാധ്യതയാണ് കാണുന്നത്.