കണ്ണൂർ:ലോക്ഡൗണില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ജോലിയില്ലാതായതോടെ ജീവിതം വഴിമുട്ടിയ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി കണ്ണൂരിൽ ഒരു വിദ്യാലയം. തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളാണ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നത്.സ്കൂള്‍ കോമ്പൗണ്ടിൽ തന്നെ ഒരുക്കിയ വാത്സല്യക്കടയിലില്‍ നിന്നാണ് സാധനങ്ങള്‍ ലഭ്യമാക്കുന്നത്പലവ്യഞ്ജനവും ,പച്ചക്കറികളും, ഭക്ഷ്യധാന്യവുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഫോണിലൂടെയോ വാട്സാപ്പ് വഴിയോ വിദ്യാര്‍ഥികള്‍ ക്ലാസ് ടീച്ചര്‍മാര്‍ക്ക് കൈമാറണം. ഈ ലിസ്റ്റ് വാത്സല്യക്കടയുടെ ചുമതലയുള്ള അധ്യാപകരെ ഏല്‍പിക്കും. കടയില്‍ നിന്ന് ലിസ്റ്റ് അനുസരിച്ചുള്ള സാധനങ്ങള്‍ സ്കൂൾ ബസിൽ വിദ്യാർത്ഥികളുടെ വീട്ടിൽ എത്തിച്ചു നൽകും.സ്കൂള്‍ മാനേജ്മെന്റിന്റെ സംരഭത്തിന് അധ്യാപകരുടേയും, പിടിഎയുടേയും പൂര്‍ണ പിന്തുണയുണ്ട്. നിലവിൽ 2000 വിദ്യാര്‍ഥികള്‍ സാധനങ്ങൾക്ക് ലിസ്റ്റ് നൽകിയിട്ടുണ്ട്. തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പിന്തുണയും വാത്സല്യക്കടയ്ക്കുണ്ട്. 20 വരെ കട പ്രവർത്തിക്കും. കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചാല്‍ പ്രവര്‍ത്തനം ലോക്ഡൗണ്‍ അവസാനിക്കും വരെ തുടരാനും ആലോചനയുണ്ട്.