Kerala, News

വടക്കഞ്ചേരി വാഹനാപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പത്രോസ് പിടിയില്‍

keralanews vadakancheri accident tourist bus driver jomon patros arrested

പാലക്കാട്: വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജോമോന്‍ പത്രോസ് പിടിയില്‍.അപകട സമയത്ത് ബസ് ഓടിച്ചിച്ചിരുന്ന ജോമോൻ പത്രോസിനെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. കാറിൽ പോകുകയായിരുന്ന ജോമോനെ ശങ്കരമംഗലത്ത് വച്ച് ചവറ പോലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു.അധ്യാപകനാണെന്ന വ്യാജേനയാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയത്.കൈയ്‌ക്കും കാലിനും നിസാര പരുക്ക് മാത്രമുണ്ടായിരുന്ന ഇയാൾ അദ്ധ്യാപകനെന്നു പറഞ്ഞാണ് ചികിത്സ തേടിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകട ശേഷം ടൂറിസ്റ്റ് ബസിന്റെ ഉടമ അടക്കമുള്ളവർ സ്ഥലത്തെത്തിയാണ് ജോമോനെ കൂട്ടിക്കൊണ്ടുപോയതെന്നും സൂചനയുണ്ടായിരുന്നു. ജോമോനെതിരെ മനഃപൂർവ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.ടവർ ലൊക്കേഷൻ പിൻതുടർന്നെത്തിയ വടക്കഞ്ചേരി പോലീസ് അറിയിച്ചത് പ്രകാരം ചവറ പോലീസ് ശങ്കരമംഗലത്ത് വച്ച് വാഹനം തടഞ്ഞ് ജോമോനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വടക്കഞ്ചേരി പോലീസിന് കൈമാറി. പോലീസ് ജോമോനുമായി വടക്കഞ്ചേരിയിലേക്ക് തിരിച്ചു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അപകടത്തെ കുറിച്ച് അന്വേഷിക്കും.ഇതിനു പുറമെ അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഉടമയും പിടിയിലായി. ബസിന്റെ ഉടമസ്ഥനായ അരുണാണ് പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് പുറമെ ജോമോനെ രക്ഷപ്പെടാൻ സഹായിച്ച ചങ്ങനാശ്ശേരി സ്വദേശി അർജുൻ എ കുമാർ,പാലാ സ്വദേശി വിഷ്ണുഗോപൻ,പിറവം സ്വദേശി റ്റിനോ പി.റ്റി എന്നിവരും പോലീസ് കസ്റ്റഡിയിലായി. പ്രതികൾ രക്ഷപ്പെടാൻ ഉപയാഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

Previous ArticleNext Article