Kerala, News

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം; തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മെഗാവാക്സിന്‍ ക്യാമ്പ് നിർത്തി

keralanews vaccine shortage in the state mega vaccine camp halted at jimmy george stadium thiruvananthapuram

തിരുവനന്തപുരം:സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം ജില്ലയിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ മാസ് വാക്സിനേഷന്‍ ക്യാമ്പ് നിര്‍ത്തിവച്ചു.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടെ വാക്സിനേഷന്‍ ഉണ്ടായിരിക്കില്ല. കോഴിക്കോട്ടും പല ക്യാമ്പുകളും പ്രവര്‍ത്തിച്ചില്ല. മറ്റു ജില്ലകളിലും വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം വാക്സിനേഷന്‍ നടന്ന ജില്ലകളിലൊന്നായ തിരുവനന്തപുരത്ത് വാക്സിന്‍ ക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 158 ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലയില്‍ 30 ക്യാമ്പുകളില്‍ മാത്രമാണ് വാക്സിനേഷന്‍ നടക്കുന്നത്. പ്രായമേറിയ ആളുകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വാക്സിനേഷന്‍ ക്യാമ്പുകളിലെത്തി മടങ്ങുന്നത്. തെക്കന്‍ കേരളത്തിലെ മറ്റ് ജില്ലകളിലും വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. കൊല്ലത്ത് ഉണ്ടായിരുന്ന സ്റ്റോക്ക് പൂർണമായും തീർന്നു. ക്യാമ്പുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പത്തനംതിട്ടയിലെ മിക്ക ക്യാമ്പുകളിലും വാക്സിനേഷന്‍ നിര്‍ത്തിവച്ചു. കൂടുതല്‍ വാക്സിന്‍ എപ്പോഴെത്തും എന്നതിലും വ്യക്തതയില്ല. കോട്ടയത്ത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ സ്വീകരിക്കാനെത്തിയതോടെയാണ് തിരക്ക് വര്‍ധിച്ചത്. കോഴിക്കോട് ആകെ 40000 ഡോസ് വാക്സിനാണ് സ്റ്റോക്ക് ഉള്ളത്. എല്ലാ കേന്ദ്രങ്ങളിലേക്കും നല്‍കാന്‍ ഇത് തികയാത്തതിനാല്‍ പല കേന്ദ്രങ്ങളിലും വാക്സിനേഷന്‍ നിർത്തിവച്ചു. എറണാകുളത്തും വാക്സിന്‍ സ്റ്റോക്കുകള്‍ കുറവാണ്. ജില്ലയിലെ പല പ്രധാന മെഗാ വാക്സിനേഷൻ ക്യാംപുകള്‍ പ്രവര്‍ത്തനം നിർത്തി. തൃശ്ശൂരും വാക്സിന്‍ ക്ഷാമം നില നില്‍ക്കുകയാണ്. 16000ത്തോളം വാക്സിനുകളാണ് ജില്ലയില്‍ ബാക്കിയുള്ളത്. ഇന്ന് വാക്സിനെത്തിയില്ലെങ്കില്‍ നാളെ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. പാലക്കാട് 20000 കോവാക്സിനാണ് സ്റ്റോക്കുള്ളത്.

Previous ArticleNext Article