ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന് വേണ്ടി ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാം. കോവിന്‍ വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. വാക്സിനേഷന്‍റെ മൂന്നാംഘട്ടം മേയ് ഒന്നു മുതലാണ് ആരംഭിക്കുന്നത്.മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്.
കോ-വിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവിധം:
- https://www.cowin.gov.in/home എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
- രജിസ്റ്റര്‍ ചെയ്യുക/പ്രവേശിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക
- മൊബൈല്‍ നമ്പർ നല്‍കിയാല്‍ ഫോണില്‍ വണ്‍ ടൈ പാസ് വേഡ് ലഭിക്കും. ഒ.ടി.പി നല്‍കി രജിസ്റ്റര്‍ ചെയ്യാം.
- പിന്‍കോഡ് നല്‍കി ആവശ്യമുള്ള വാക്സിന്‍ കേന്ദ്രവും തീയതിയും സമയവും തീരുമാനിക്കാം.
- ഒരു മൊബൈല്‍ നമ്പറിൽ നിന്ന് നാലു പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഓരോരുത്തരുടേയും തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും.
- ആരോഗ്യ സേതു ആപ്പിലെ കോ-വിന്‍ ടാബില്‍ ക്ലിക്ക് ചെയ്തും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.
നിലവിൽ വാക്‌സിനേഷൻ നടക്കുന്നത് 45 വയസ്സിന് മുകളിലുള്ളവർക്കാണ്. ഇതിൽ ആദ്യ ഡോസ് വാക്‌സിനെടുത്ത ശേഷം നിശ്ചിത ദിവസം പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് വാക്‌സിനേഷനും ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് വാക്‌സിനെത്തിക്കുന്നതിന്റെ വേഗത വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനങ്ങൾ വാക്‌സിൻ വിതരണത്തിന് തീരുമാനിച്ചിരിക്കുന്ന കേന്ദ്രങ്ങളിലെ സംവിധാനങ്ങൾ വർദ്ധിപ്പിക്കണെന്ന നിർദ്ദേശവും കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്.