International, News

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്സിൻ നാളെ രജിസ്റ്റര്‍ ചെയ്യും

keralanews vaccine developed by russia against covid will be registered tomorrow

റഷ്യ:കൊറോണ വൈറസ് മൂലം നട്ടംതിരിഞ്ഞ ലോകത്തിന് റഷ്യയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. കോവിഡിനെതിരെ ഫലപ്രദമെന്ന് അവകാശപ്പെട്ട് റഷ്യ വികസിപ്പിച്ച വാക്സിന്‍ നാളെ പുറത്തിറക്കും.ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് നാളെ പുറത്തിറക്കുന്നത്. കോവിഡ്-19 പ്രതിരോധവാക്സിന്‍ തയ്യാറായതായും ഓഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യവകുപ്പ് സഹമന്ത്രി ഒലെഗ് ഗ്രിഡ്‌നെവ് ആണ് അറിയിച്ചത്.ഗമലയുടെ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖൈല്‍ മുറാഷ്‌കോ വ്യക്തമാക്കിയതായി സ്പുടിന്ക് ന്യൂസ് .കോം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാക്‌സിന്‍ എപ്പോള്‍ വിപണിയിലെത്തിക്കും എന്നത് ഗവേഷകരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുര്‍ദെന്‍കോ മെയിന്‍ മിലിറ്ററി ക്ലിനിക്കല്‍ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയില്‍ വാക്‌സിന്‍ ലഭിച്ചവര്‍ക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്തമായി. വാക്‌സിന് മറ്റ് പാര്‍ശ്വ ഫലങ്ങളില്ലെന്നും തെളിഞ്ഞു.എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം അതിസങ്കീര്‍ണമായ ഫേസ് 3 പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്‌സിനുകളില്‍ റഷ്യന്‍ വാക്‌സിന്‍ ഇടംനേടിയിട്ടില്ല.ഈ ആറ് വാക്‌സിനുകളില്‍ മൂന്നെണ്ണം ചൈനയില്‍ നിന്നും, ഒരെണ്ണം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചതും, ഒന്ന് ആസ്ട്രസെനേക്ക, മോഡേണ എന്നിവര്‍ വികസിപ്പിച്ചതും, ഒന്ന് ബയോടെക്ക്, ഫിഷര്‍ എന്നിവര്‍ സംയുക്തമായി വികസിപ്പിച്ചതുമാണ്.
അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്സിന്‍ തയ്യാറാക്കിയിട്ടുള്ളത്. വാക്സിന്‍ ഉപയോഗിച്ച്‌ രാജ്യത്ത് എല്ലാവരെയും കോവിഡിനെതിരെ വാക്സിനേറ്റ് ചെയ്യാനാണ് പദ്ധതിയെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇതിനു പിന്നാലെ വാക്സിന്റെ  വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്സിനേഷന്‍ ക്യാംപയിനിലൂടെ ജനങ്ങള്‍ക്കെല്ലാം വാക്സിന്‍ ലഭ്യമാക്കാനാണ് പദ്ധതി.വാക്സിന്‍ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വർദ്ധിക്കുമ്പോൾ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച്‌ ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റസ്ബർഗ് പറഞ്ഞു. വാക്സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ തന്നെ സംശയം പ്രകടിപ്പിച്ചു.

Previous ArticleNext Article