ന്യൂഡല്‍ഹി: സ്‌കൂളുകള്‍ തുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടി. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തിനു മുൻപായി എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശം. ഇതിനായി പ്രതിമാസം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുന്ന പതിവു ഡോസിനു പുറമേ, അധ്യാപക ദിനത്തിനു മുന്നോടിയായി രണ്ടു കോടി വാക്‌സിന്‍ ഡോസുകള്‍ അധികമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.സ്‌കൂള്‍ അധ്യാപകര്‍ക്കു മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. അതത് പ്രദേശത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഇപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ സ്‌കൂളുകള്‍ കഴിഞ്ഞദിവസം തുറന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വൈകാതെ തുറക്കുമെന്നാണ് പ്രഖ്യാപനം. പകുതിയിലധികം അധ്യാപകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടില്ല എന്ന വസ്തുത സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകരുടെ സുരക്ഷ മുന്‍നിര്‍ത്തി വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.